തിരുവല്ല: സമൂഹത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളും പച്ചത്തെറിയും വിളിച്ചുപറയുന്ന യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നമോ ടിവി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.
തിരുവല്ല എസ്എച്ച്ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. നേരത്തെ ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനിൽക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ വിമർശനം.
നമോ ടിവിയുടെ വീഡിയോ സൈബർ സെൽ എഡിജിപിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്തടക്കം ചാനലിന്റെ പ്രവർത്തനങ്ങളും അവതരണ ശൈലിയും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.