തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ക്രിക്കറ്റ് തിരിച്ചെത്തുന്നു. അന്താരാഷ്ട്ര മത്സരത്തിന് ഗ്രീൻഫീൽഡ് വേദിയാകുമെന്ന് ബിസിസിഐ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന വിൻഡീസ് പര്യടനത്തിലെ മൂന്നാം ട്വന്റിക്കാണ് കാര്യവട്ടം സ്റ്റേഡിയം വേദിയാകുക. ഫെബ്രുവരി 20ന് നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും.
ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബിസിസിഐ ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിലാണ് കാര്യവട്ടവും ഇടം പിടിച്ചത്. ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്.
മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്. ഒരു ഏകദിനവും രണ്ട് ട്വന്റികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വന്റിയിലും വിൻഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ഒരു മത്സരം ന്യൂസിലാൻഡിന് എതിരേയും അരങ്ങേറി.
അതേസമയം, കാര്യവട്ടം സ്റ്റേഡിയം കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എന്നിവക്കെല്ലാം വേദിയായത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്മു. ഇതിലൂടെ 60 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ് കണക്കുകൂട്ടലുണ്ടായിരുന്നു.
Discussion about this post