മലപ്പുറം: സ്രവം എടുക്കാതെ തന്നെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി നല്കുന്ന മലപ്പുറം മഞ്ചേരിയിലെ ലാബ് പൂട്ടി. ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ലാബിനെതിരെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളജിനു മുന്പില് പ്രവര്‍ത്തിക്കുന്ന സഫ എന്ന ലാബിനാണ് പൂട്ട് വീണത്.
ആരോഗ്യവകുപ്പ് നിബന്ധനപ്രകാരമുളള സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് സഫ ലാബിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. കോവിഡ് ഫലത്തില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലയിലെ ലാബുകളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സഫ ലാബ് വഴി കഴിഞ്ഞ 2 മാസമായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനകളുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസിലെ ഐടി വിദഗ്ധരും പരിശോധിച്ചു വരികയാണ്.
ലാബ് ആകെ പ്രവര്‍ത്തിച്ചത് 200 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള ഒറ്റമുറിയിലാണ്. പ്രമേഹ പരിശോധന മുതല്‍ കോവിഡ് സ്രവ ശേഖരണത്തിനു വരെ ഈ മുറിയല്ലാതെ വേറെ സ്ഥലമില്ല.
ഈ ഒറ്റമുറി കാട്ടിയാണ് സ്കാനിങ് സൗകര്യമടക്കമുണ്ടെന്ന പരസ്യബോര്‍ഡുകള്‍ മെഡിക്കല്‍ കോളജിനു മുന്പില് സ്ഥാപിച്ചത്. പോലീസ്, ഡ്രഗ് കണ്ട്രോളര് അടക്കമുളളവരുടെ സഹായത്തോടെ കൂടുതല്‍ ലാബുകളില്‍ തട്ടിപ്പു നടന്നിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു കഴിഞ്ഞു.
Discussion about this post