കോഴിക്കോട്: നമോ ടിവിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. സോഷ്യല്‍മീഡിയയില്‍ തുടര്‍ച്ചയായ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന നമോ ടിവിയിലൂടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്ന് വിഡി സതീശന്‍ ആരോപിച്ചു.
വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നതെന്നും ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കി.
സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നതെന്നും എത്രമോശമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.
വിഡി സതീശന്‍ പറഞ്ഞത്:
”സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഏറ്റവുമധികം ദുഷ്പ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ നടക്കുന്ന ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കുന്നതും വര്‍ഗീയവിദ്വേഷം വര്‍ധിക്കുന്നതും. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ്. പത്രമാധ്യമങ്ങള്‍ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷെ സോഷ്യല്‍മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്.
നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്. ഞാന്‍ ആ വീഡിയോ മനോജ് എബ്രാഹിമിന് അയച്ചുകൊടുത്തു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട്. ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ പറഞ്ഞത്. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല.”