ഓണം ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ തൃപ്പൂണിത്തുറയില്‍

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിന്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണെന്നാണ് വിവരം.

രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകള്‍ക്കാണ്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുക.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോള്‍ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

Exit mobile version