തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ആശങ്ക ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതി വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കും. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളില്‍ ക്ളാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും.
പ്രൈമറി ക്ളാസുകള്‍ തുറക്കാനുള്ള തീരുമാനത്തിലും മാറ്റമുണ്ടാകില്ല. നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ചാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ വീണ്ടും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന്റെ ചുമതല ഇനി വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകള്ക്കാണ്. സംസ്ഥാനതലം മുതല്‍ സ്കൂള്‍തലം വരെ സമിതികള്‍ രൂപീകരിച്ച് വിശദ ചര്‍ച്ചകളിലൂടെ അതിനുള്ള മാര്‍ഗരേഖ തയാറാക്കും.
മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ വിശദമായ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ചുള്ള പദ്ധതികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാകും. സ്കൂള്‍ യാത്ര എങ്ങിനെയെന്നതാണ് പ്രധാനപ്രശ്നങ്ങളിലൊന്ന്. സ്കൂള്‍ ബസുകളുള്ളയിടങ്ങളില് അവ എല്ലാ ദിവസവും സാനിറ്റൈസ് ചെയ്യും.
സ്വകാര്യവാഹനങ്ങളില്‍ തിങ്ങിനിറഞ്ഞ് വരേണ്ട സാഹചര്യമുള്ളയിടത്ത് പ്രത്യേക യാത്രാ സൗകര്യം ഒരുക്കാനാകുമോയെന്ന് പരിശോധിക്കും.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള കുട്ടികളുടെ സുരക്ഷയ്ക്ക് അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രത്യേക പദ്ധതിയും തയ്യാറാക്കുന്നുണ്ട്.
Discussion about this post