കോട്ടയം: പോലീസുകാരനെ മൃഗീയമായി ആക്രമിച്ച കേസില്‍ ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയില്‍ അഖിലിന് (ലങ്കോ) 20 വര്‍ഷം തടവും 75,000 രൂപ പിഴയും. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജോണ്‍സണ്‍ ജോണിന്റേതാണ് വിധി. വൈക്കം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സി.ടി.റെജിമോന്‍ ആണ് ആക്രമണത്തിന് ഇരയായത്.
2012 ഒക്ടോബര്‍ ആറിനാണ് സംഭവം. വധശ്രമക്കേസില്‍ അഖിലിനെ അറസ്റ്റ് ചെയ്യാന്‍ തലയാഴം കൂവം ഭാഗത്തുള്ള വീട്ടില്‍ റെജിമോന്‍ ഉള്‍പ്പെടെ പോലീസ് സംഘം എത്തി. പോലീസിനെ കണ്ട അഖില്‍ ഓടി. റെജിമോന്‍ പിന്നാലെ ഓടി. ഇതിനിടെ പാടശേഖരത്തില്‍ കുത്തി നിര്‍ത്തിയിരുന്ന മരക്കൊമ്പ് ഊരി റെജിമോനെ അഖില്‍ അടിക്കുകയായിരുന്നു.
റെജിമോന്റെ ദേഹത്തു കയറിയിരുന്ന് കണ്ണുകളില്‍ വിരല്‍ കുത്തി ഇറക്കി. തൊണ്ടക്കുഴിയില്‍ കൈമുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ കടിച്ചു മുറിച്ചു. പിന്നാലെ എത്തിയ പോലീസ് സംഘമാണ് റെജിയെ അക്രമിയില്‍ നിന്ന് രക്ഷിച്ചത്. പരിക്കേറ്റ റെജിമോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 കേസുകളുണ്ട്.
Discussion about this post