മോഷ്ടിച്ച ലോറിയുമായി യുവാക്കൾ വാഹനങ്ങൾ ഇടിച്ചിട്ട് കുതിച്ചു പാഞ്ഞു; തൊട്ടുപിന്നാലെ പോലീസും; സിനിമാ ഷൂട്ടിങെന്ന് കരുതി നാട്ടുകാർ; ഒടുവിൽ സാഹസിക അറസ്റ്റ്

കോഴിക്കോട്: റോഡരികിൽനിന്ന് മോഷ്ടിച്ച ലോറിയുമായി അഞ്ചോളം വാഹനങ്ങൾ ഇടിച്ചിട്ട് രണ്ടുയുവാക്കൾ കുതിച്ചുപാഞ്ഞു. പിന്നാലെ സംശയം തോന്നി പോലീസും പിന്നാലെ, നാട്ടുകാരാകട്ടെ സിനിമാ ഷൂട്ടിങ് ആണെന്ന് കരുതി ആവേശത്തോടെ നോക്കി നിൽക്കലും. സിനിമയെ വെല്ലുന്ന ഈ സംഭവങ്ങൾ നടന്നത് കോഴിക്കോട്ടാണ്.

ഒടുവിൽ ലോറി അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേർന്ന് പ്രതികളെ പിടികൂടി. ശനിയാഴ്ച രാവിലെ കണ്ണൂർ റോഡിൽ എലത്തൂർമുതൽ ബിലാത്തികുളംവരെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി മലാപ്പറമ്പിൽനിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പർലോറി മോഷ്ടാക്കൾ അടിച്ചുമാറ്റി കൊണ്ടുപോയത്.

ശനിയാഴ്ച രാവിലെ എലത്തൂരിൽവെച്ച് സംശയംതോന്നി പോലീസ് കൈകാണിച്ചെങ്കിലും ലോറി നിർത്താതെ പോവുകയായിരുന്നു. ഇതോടെ മോഷ്ടിച്ച ലോറിയാണെന്ന് കരുതി എലത്തൂർ പോലീസ് പിന്തുടർന്നു. അമിത വേഗത്തിൽ പാഞ്ഞ ലോറി അഞ്ചുവാഹനങ്ങളിൽ ഇടിച്ചെങ്കിലും യാത്രക്കാർക്കൊന്നും പരിക്കേറ്റിരുന്നില്ല. ഒടുവിൽ ലോറി നടക്കാവിലെത്തിയപ്പോൾ പോലീസ് പിടിയിലാകുമെന്ന് കരുതിയ പ്രതികൾ വണ്ടി ബിലാത്തികുളം ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ഇടറോഡിലൂടെ ലോറി ബിലാത്തികുളം ശിവക്ഷേത്രത്തിലേക്ക് ഓടിച്ചുകയറ്റിയെങ്കിലും നടവഴിയിലൂടെ മുന്നോട്ടുപോകാൻ ശ്രമിക്കവേ ലോറി ദീപസ്തംഭത്തിലും കൽത്തൂണിലും ഇടിച്ച് കുടുങ്ങി. ഇതാണ് പ്രതികളെ പിടികൂടാൻ കാരണമായത്.

ലോറിയുമായി മുന്നോട്ടുപോവാൻ കഴിയാതെവന്നതോടെ പ്രതികൾ ഇറങ്ങിയോടാനും ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി. ലോറി ഓടിച്ച എലത്തൂർ മാട്ടുവയൽ അബ്ബാസ് (20), പണിക്കർറോഡ് നാലുകോടിപറമ്പ് നിധീഷ് (22) എന്നിവരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മുമ്പും മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് അബ്ബാസും സുഹൃത്ത് നിധീഷും ചേർന്ന് മലാപ്പറമ്പിൽ നിർത്തിയിട്ടിരുന്ന ലോറി മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെയാണ് ഡ്രൈവർ ലോറി മോഷണം പോയത് തിരിച്ചറിഞ്ഞത്. ഉടൻതന്നെ ചേവായൂർ പോലീസിൽ പരാതി നൽകി. പിന്നീട് എലത്തൂരിൽ സംശയാസ്പദമായ രീതിയിൽ അതിവേഗത്തിൽ വരുന്ന ലോറി കണ്ടത്.

എലത്തൂർ പ്രിൻസിപ്പൽ എസ്‌ഐ രാജേഷ് കുമാറും സംഘവും ചേർന്നാണ് ലോറിയെ പിന്തുടർന്നത്. എസ്‌ഐ കെ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ എം സുഭീഷ്, കെ സുർജിത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Exit mobile version