തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാവും പരിശോധന. ആറ് ജില്ലകളില്‍ മുഴുവന്‍ കോവിഡ് പരിശോധനകളും ആര്‍ടിപിസിആര്‍ ആക്കുവാന് സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.
ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക.
മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന് സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന് നല്കാന് പ്രത്യേക ഡ്രൈവ് നടത്തും. വാക്സിന് സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതു ബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും. പ്രതിവാര ഇന്ഫക്ഷന് റേഷ്യോ 10-ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു.
ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്‍ആര്‍ടികള്‍, അയല്പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിങ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post