തിരുവനന്തപുരം: ഒരു സ്ത്രീയെന്ന നിലയിലും അങ്ങേയറ്റത്തെ സ്നേഹവും പരിഗണനയും ബഹുമാനവുമാണ് സിപിഐഎമ്മിലെ ഓരോ വ്യക്തിയും തന്നോട് കാണിച്ചിട്ടുള്ളതെന്ന് ശോഭന ജോര്‍ജ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭന ജോര്‍ജ്.
തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അതിന് ധൈര്യം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണെന്നും, ആ തീരുമാത്തില്‍ ഒരു കാലത്തും നിരാശ തോന്നിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു.
ശോഭനാ ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ
ജീവിതത്തില്‍ ധൈര്യത്തോടെ ഒരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഘട്ടം വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കരുതലും സ്നേഹവുമായിരുന്നു എനിക്കതിന് പ്രേരണ നല്‍കിയത്. പിന്നീട് ഒരിക്കല്‍ പോലും ആ തീരുമാനത്തില്‍ കുറ്റബോധമോ വിഷമമോ തോന്നിയ അവസ്ഥയുണ്ടായിട്ടില്ല. ഒരു സ്ത്രീയെന്ന നിലയിലും അങ്ങേയറ്റത്തെ സ്നേഹവും പരിഗണനയും ബഹുമാനവുമാണ് സിപിഐഎമ്മിലെ ഓരോ വ്യക്തിയും എന്നോട് കാണിച്ചിട്ടുള്ളത്.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണായി ചുമതലയേറ്റതിനുശേഷം രണ്ട് പ്രളയങ്ങളെയും കൊവിഡിനെയും നേരിട്ടാണ് പ്രവര്‍ത്തിക്കേണ്ടി വന്നത്. ഇതിനിടെ നാല് ഓണം കടന്നുപോയി. ഓണക്കാലത്തെ വില്‍പ്പന കൊണ്ട് പിടിച്ചുനില്‍ക്കുന്ന ഖാദി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് ഈ ഓണങ്ങളില്‍ കടന്നുപോയത്.
ഈ പ്രതികൂലാവസ്ഥകളെ ഒരു പരിധിവരെ അതിജീവിച്ചുകൊണ്ടാണ് കേരള ഖാദി ബോര്‍ഡ് മുന്നോട്ടുപോയത്. ഈ മുന്നു വര്‍ഷത്തിനിടെ എ സി മൊയ്തീന്‍, ഇ പി ജയരാജന്‍, പി രാജീവ് എന്നിങ്ങനെ മുന്ന് മന്ത്രിമാരുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആ അവസരത്തെ വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നതെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.
Discussion about this post