കാഞ്ഞങ്ങാട്: കല്ല്യാണ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന വീഡിയോഗ്രാഫറുടെ സഹായി അറസ്റ്റില്‍. കല്ല്യാണ ദിവസം രാവിലെ എല്ലാവരും വരനെ അനുഗ്രഹിക്കുന്നതിനിടെ, മുകളിലത്തെ നിലയില്‍ കയറി ഷെല്‍ഫില്‍ സൂക്ഷിച്ച രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലാണ് വീഡിയോഗ്രാഫറുടെ സഹായിയെ അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് മണലിലെ അശ്വിനെ(22) ആണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്ഐ എംവി വിഷ്ണുപ്രസാദ് അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞമാസം 24-ന് കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
കൃഷ്ണന്റെ മകന് ഷൈജുവിന്റെ വിവാഹമായിരുന്നു അന്ന്. ഷൈജുവിന്റെ മുറിയില്‍ വച്ച് വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ, വീഡിയോ ലൈറ്റ് പിടിക്കുകയായിരുന്ന അശ്വിന് ഷെല്‍ഫിനകത്ത് വെച്ച പണം ശ്രദ്ധിച്ചിരുന്നു. പിന്നീട് വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോള്‍ ക്യാമറാമാനോട് ടോയ്ലറ്റില് പോകണമെന്നു പറഞ്ഞ് അശ്വിന് മുങ്ങി.
മുകളിലെ മുറിയിലെത്തിയ അശ്വിന് പണമെടുത്തശേഷം ഷെല്‍ഫ് പൂട്ടി താക്കോല്‍ കൈയില്‍ത്തന്നെ വെച്ചു. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പണം കടലാസില്‍ പൊതിഞ്ഞ് മീറ്ററുകള്‍ക്കപ്പുറത്തെ വളപ്പിലെത്തി കല്ലിനടിയില്‍ ഒളിപ്പിച്ചുവെച്ചു. തിരികെവന്ന് വീഡിയോ ലൈറ്റ് പിടിക്കുന്ന പണി തുടരുകയും ചെയ്തു.
ഓഡിറ്റോറിയത്തില്‍ നിന്ന് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കണ്ടില്ല. വീട്ടുകാര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും താക്കോല്‍ കിട്ടാതായതോടെ ടെക്നീഷ്യനെ വിളിച്ച് ഷെല്‍ഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു. താക്കോല്‍ തിരയാന്‍ അശ്വിനും കൂടെയുണ്ടായിരുന്നു.
പണം നഷ്ടപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ക്യാമറാമാനെയും ചോദ്യം ചെയ്തിരുന്നു. കാര്യങ്ങള്‍ ഒന്നൊന്നായി വിശദീകരിക്കുന്നതിനിടെ അശ്വിന് ഇടയ്ക്ക് ടോയ്ലറ്റില് പോയ കാര്യവും ക്യാമറാമാന് പറഞ്ഞിരുന്നു.
തുടര്‍ന്ന് അശ്വിനെ പോലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കാര്യം എളുപ്പമായി. സഹോദരിക്ക് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിന് സമ്മാനമായി നല്കിയ കാര്യം പോലീസ് മനസ്സിലാക്കി. അവളുടെ വിവാഹത്തില്‍ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കള്‍ക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ഈസമയത്ത് ചിട്ടിയുടെ കുടിശ്ശികത്തുകയായ അറുപതിനായിരം രൂപ അടച്ചുതീര്‍ക്കുകയും 16,000 രൂപയുടെ സെല്‍ഫോണ്‍ വാങ്ങുകയും ചെയ്തു.
മൈസൂരിലേക്ക് സുഹൃത്തുക്കളെയും കൂട്ടി ഉല്ലാസയാത്ര നടത്തി. ഇതെല്ലാം കൃത്യമായി ബോധ്യപ്പെട്ട പോലീസ് അശ്വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തമായി കാറും ബൈക്കുമെല്ലാമുള്ള അശ്വിന്റെ ജീവിതം ആഡംബരം നിറഞ്ഞതായിരുന്നു.
അതുകൊണ്ടുതന്നെ വസ്ത്രം വാങ്ങിക്കൊടുത്തപ്പോള്‍ സുഹൃത്തുക്കളോ നാട്ടുകാരോ സംശയിച്ചില്ലെന്ന് പോലീസ് പറഞ്ഞു. എസ്ഐ വിഷ്ണുപ്രസാദിന് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സജീവന്, പിവി അജയന്, സതീശന്, കെ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post