പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ പഴയ ടിക്കറ്റുകള്‍ നല്കി
കബളിപ്പിച്ചതായി പരാതി. പാലക്കാട് നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമാറാണ് തട്ടിപ്പിന് ഇരയായത്. ഇഷ്ടമുള്ള നമ്പര്‍ നോക്കാന്‍ എന്ന പേരില്‍ ടിക്കറ്റുകള്‍ വാങ്ങി പകരം പഴയ ടിക്കറ്റുകള്‍ നല്‍കിയാണ് കബളിപ്പിച്ചത്.
അനില്‍കുമാറിന്റെ പരാതിയില്‍ മങ്കര പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. പതിവുപോലെ ലോട്ടറി വില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അനില്‍കുമാറിനോട് ലോട്ടറി ടിക്കറ്റുകള്‍ ആവശ്യപ്പെട്ടു.
അതിനിടെ, അനില്‍കുമാറിന്റെ കൈയില്‍ നിന്ന് വാങ്ങിയ ടിക്കറ്റുകള്‍ യുവാവ് പോക്കറ്റിലിടുകയും തന്റെ കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകള്‍ നല്കി ഇയാള്‍ പോകുകയും ചെയ്തു. 11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നല്‍കിയത്.
അനില്‍ കുമാറില്‍ നിന്നും പതിവായി ടിക്കറ്റെടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനില്‍കുമാറിന്റെ ഏക വരുമാനത്തിലാണ്.
Discussion about this post