കൊവിഡ് കാലം വാടക വീട്ടില്‍ നിന്നും ഇറക്കിയതോടെ തെരുവിലായ വിജയനും ശ്യാമളയ്ക്കും രക്ഷകായി റുഖിയത്ത. തയ്യല്‍ ജോലി എടുത്തായിരുന്നു ഈ ദമ്പതികളുടെ ജീവിതം. വാടകവീടുകളില്‍ താമസവും, സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ഇവര്‍ക്ക് സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്.
വാടകവീട്ടില്‍ കഴിയുന്നതിനിടെ കോവിഡ് കൂടിയതോടെ ജോലിയില്ലാതായി. വാടക കൊടുക്കാനുമായില്ല. ഉള്ളത് പെറുക്കി തെരുവിലേക്കിറങ്ങുകയായിരുന്നു. ഈ ദുരിതനാളിലാണ് ദൈവത്തിന്റെ കരങ്ങള്‍ പോലെ ഇവര്‍ക്കടുത്തേയ്ക്ക് റുഖിയത്ത എത്തിയത്. കോഴിക്കോട് കാരശ്ശേരേി കളരിക്കണ്ടിയിലെ റുഖിയത്ത ഇവരെ ചേര്‍ത്ത് പിടിച്ചു. തന്റെ ആകെയുള്ള എട്ട് സെന്റിലെ ഓടിട്ട കുഞ്ഞുവീടിന്റെ തൊട്ടരികില്‍ ചെറിയൊരു കൂര കെട്ടാന്‍ ഇടം നല്‍കി.
സ്വന്തമായൊരു വീടെന്നത് സഫലമാകുന്നത് വരെ ഇവിടെ താമസിക്കാമെന്നും ഇവര്‍ സമ്മതം നല്‍കി. മൂന്ന് മക്കളുള്ള റുഖിയത്തയുടെ മകന് വീട് വെക്കാന്‍ കരുതിവെച്ചതായിരുന്നു ഈ ഭാഗം. പക്ഷെ എങ്ങോട്ടെന്നില്ലാതെ റോഡിലേക്കിറങ്ങുന്ന ഈ പാവപ്പെട്ട ദമ്പതികളെ കാണാതിരുന്നാല്‍ പടച്ചോന്‍ പൊറുക്കില്ലെന്ന് റുഖിയ പറയുന്നു.
അവര്‍ രണ്ടുപേരുമല്ലാതെ തുണയായി മറ്റാരുമില്ല. ഇനിയൊരു വാടക വീടെന്നത് അവര്‍ക്ക് ചിന്തിക്കാനും പറ്റിയിരുന്നില്ല. ‘എനിക്കും ഇങ്ങനെയൊരു കാലമുണ്ടായിരുന്നു. പറക്കമുറ്റാത്ത മക്കളേയും കൊണ്ട് പലയിടങ്ങളിലും പല തവണ മാറി തമാസിച്ചതിന്റെ സങ്കടം നല്ലോണം അറിയാം, അന്ന് പക്ഷെ ആളെ കൊല്ലുന്ന വൈറസില്ലാത്തിനാല്‍ ജോലി ചെയ്യാന്‍ പറ്റിയിരുന്നു. കാലമേറെ കഴിഞ്ഞു, ഈ എട്ടുസെന്റ് ചോരനീരാക്കി സ്വന്തമാക്കാന്‍. അതേ അവസ്ഥ മറ്റൊരാള്‍ക്ക് കൂടെ വന്നപ്പോള്‍ എങ്ങനെ അവരെ ചേര്‍ത്ത് നിര്‍ത്താതിരിക്കാന്‍ കഴിയു’മെന്ന് റുഖിയ പറയുന്നു.
ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമായി കരുതി പോരുന്ന ഒരു കാലമാണ്. കുഞ്ഞുവൈറസിന് മുന്നില്‍ എല്ലാവരും നിഷ്പ്രഭരാകുന്ന കാലം. ഈ കാലത്ത് തനിക്ക് ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ പുണ്യം കൂടിയായി ഈ പവപ്പെട്ട ദമ്പതികളെ ചേര്‍ത്ത് നിര്‍ത്തലെന്ന് കൂടി റുഖിയ കൂട്ടിച്ചേര്‍ത്തു.
റുഖിയത്ത നല്‍കിയ രണ്ട് സെന്റില്‍ ടാര്‍പോളിന്‍ ചേര്‍ത്ത് കെട്ടി തൊഴിലുറപ്പുകാരാണ് വിജയനും ശ്യാമളയ്ക്കും കൂരയുണ്ടാക്കി കൊടുത്തത്. അകത്തേക്ക് കയറിയാല്‍ നട്ടുച്ചയ്ക്കും കൂരിരുട്ടാണ്. വൈദ്യുതിയില്ല, വെളിച്ചമില്ല. വിജയന് സ്വന്തമായുണ്ടായിരുന്ന തയ്യല്‍ മെഷീന്‍ ഏറെ ദയനീയതയോടെ ഉണ്ടാക്കുന്ന ശബ്ദം മാത്രമാണ് പുറത്ത് കേള്‍ക്കുക. വയ്യാത്ത കാലും കൊണ്ട് മാസ്‌കുകളടിച്ച് കിട്ടുന്നതും ശ്യമാള തൊഴിലുറപ്പിന് പോയി കിട്ടുന്നതുമാണ് ആകെയുള്ള വരുമാനം.
റുഖിയാത്തയുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞ് കൂടുന്നത്. പക്ഷെ എത്കാലമിങ്ങനെ കഴിഞ്ഞ് കൂടുമെന്നറിയില്ല. സ്വന്തമായി വീടെന്ന സ്വപ്നത്തിന് വേണ്ടി രണ്ടുപേരും കയറിയിറങ്ങാത്ത ഇടങ്ങളില്ലെന്നും വിജയന്‍ പറയുന്നു.