തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമിന്റെ ഭാഗമായി പാന്റ്സ് നിര്‍ബന്ധമാക്കുന്നെന്ന് വ്യാജ വാര്‍ത്ത. മോട്ടോര്‍വാഹന വകുപ്പും പോലീസും ഇത്തരമൊരു ഉത്തരവിറക്കിയെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇങ്ങനെ യാതൊരുവിധ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഏഴ് വര്‍ഷം മുമ്പ് 2014ല്‍ കോഴിക്കോട് നഗരത്തില്‍ പോലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. നഗര പരിധിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ 2014 ഒക്ടോബര്‍ ഒന്നുമുതല്‍ പാന്റ്സും കാക്കി ഷര്‍ട്ടും ധരിക്കണമെന്നായിരുന്നു അന്നത്തെ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശം.
അലക്ഷ്യമായി മുണ്ടും ലുങ്കിയും ധരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള സ്ത്രീകളുടെ പരാതിയെ തുടര്‍ന്നായിരുന്നു പാന്റ്സ് നിര്‍ബന്ധമാക്കുന്നതെന്നായിരുന്നു പോലീസ് പറഞ്ഞത്. കൈലിയോ കളര്‍മുണ്ടോ ധരിക്കാന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്.
പാന്റും കാക്കി ഷര്‍ട്ടും ധരിക്കാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമായിരുന്നു അന്നത്തെ തീരുമാനം. പാന്റ്സ് ഇടാത്ത ഡ്രൈവര്‍മാര്‍ 200 രൂപ ഫൈന്‍ നല്‍കണം എന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ്.
എന്നാല്‍ ഈ പരിഷ്കാരത്തോട് അന്ന് അതിരൂക്ഷമായ എതിര്‍പ്പാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തുടക്കംമുതല്‍ ഉയര്‍ത്തിയത്. ഏതുവസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ പ്രതികരണം. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരെ പാന്റസ് ഇടീക്കുവാനുള്ള ഈ നീക്കം പോലീസ് തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.
Discussion about this post