തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം. സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങുകയുള്ളുവെന്നും തൊഴില്‍ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചു.
ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിഎസ്എസ്സിയിലേക്കു കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ടത് തൊഴിലാളി സംഘടനകളില്‍പ്പെട്ടവരല്ലെന്നും എന്നിട്ടും ഇതിന്റെ പേരില്‍ ചുമട്ടുതൊഴിലാളികള്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളെ ജാഗ്രതയോടെ കാണണം. ചുമട്ടുതൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.
തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ.എസ്.ചിത്ര, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ സി.കെ.മണിശങ്കര്‍, പി.കെ.ശശി (സി.ഐ.ടി.യു), വി.ആര്‍.പ്രതാപന്‍, എ.കെ.ഹാഫിസ് സഫയര്‍ (ഐ.എന്‍.ടി.യു.സി) , കെ.വേലു, ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), യു.പോക്കര്‍, അബ്ദുല്‍ മജീദ് (എസ്.ടി.യു) ജി.സതീഷ് കുമാര്‍ (ബി.എം.എസ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ ആകെയുള്ള ചുമട്ടുതൊഴിലാളികളില്‍ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിതെന്നും പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന്റെയും കിലെയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.