പുണെ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് പൂണെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൂണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു.
ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഈ വർഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു.
എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും സവിശേഷമായ ശാസ്ത്ര സംഭാവന.
1992 മുതല്‍ പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലാണ്. സ്വിറ്റ്സര്‍ലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.
1957 ൽ തിരുവനന്തപുരത്താണ് താണു പത്മനാഭൻ ജനിച്ചത്. കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്സി (1977), എംഎസ്സി (1979) ബിരുദങ്ങൾ സ്വർണമെഡലോടെ നേടി. ആദ്യത്തെ ഗവേഷണ പേപ്പർ ഇരുപതാം വയസ്സിൽ ബിരുദ പഠനത്തിനിടെയായിരുന്നു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.മുംബൈയിലെ ടിഐഎഫ്ആറില്‍ നിന്ന് 1983 ല്‍ പിഎച്ഡി നേടി.
ഭാര്യ: ഡോ. വാസന്തി പത്മനാഭന്. മകള്‍: ഹംസ പത്മനാഭന്.
Discussion about this post