അൽപം വൈകി ഉച്ചഭക്ഷണത്തിന് എത്തി; കേട്ടത് മകളുടെ മരണ വാർത്ത; ഒമ്പതാംനിലയിലെ ഫ്‌ളാറ്റിൽ ഒന്നുമറിയാതെ കുടുംബം

തിരുവനന്തപുരം: എന്നും എത്തുന്നതിനേക്കാൾ വൈകി ഉച്ചഭക്ഷണത്തിനായി എത്തിയ പിതാവിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ഫ്‌ളാറ്റിലെ ലിഫ്റ്റിലേക്കു കയറുമ്പോഴാണ് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് പെട്ടെന്നൊരു ശബ്ദം കേട്ടത്. പിന്നാലെ സുരക്ഷാജീവനക്കാരന്റെ വിളിയും. എന്താണെന്നറിയാൻ അടുത്തേക്കു ചെന്നപ്പോഴാണ് സ്വന്തം മകൾ ഭവ്യാ സിങ്ങാണ് വീണു കിടക്കുന്നത് മനസിലായത്.

ഒൻപതാം നിലയിൽനിന്ന് മകൾ താഴെ വീണുകിടക്കുന്നതു കണ്ട ഞെട്ടലിലാണ് ആനന്ദ് സിങ്ങും കുടുംബവും. വ്യാഴാഴ്ച സാധാരണ എത്തുന്നതിൽനിന്ന് അല്പം വൈകിയാണ് ആനന്ദ് ഉച്ചഭക്ഷണത്തിനായി കവടിയാറിലെ ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകളും അകത്തെ മുറിയിലായിരുന്നു. ഭവ്യ താഴേക്ക് വീണത് ഇവർ അറിഞ്ഞിരുന്നില്ല. പിന്നീട് ബഹളം കേട്ടാണ് അവർ അപകടവിവരം അറിയുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായ ഗോപകുമാർ ഓടിയെത്തിയത്. ഏതെങ്കിലും സാധനങ്ങൾ ഫ്‌ളാറ്റിനു മുകളിൽനിന്നു വീണതാണെന്നാണ് കരുതിയത്. എന്നാൽ, പെൺകുട്ടിയാണ് വീണുകിടക്കുന്നതെന്നു കണ്ടതോടെ ഗോപകുമാറും പതറി. ഉടൻതന്നെ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരണപ്പെടുകയായിരുന്നു. പോലീസിന്റെ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി.

അതേസമയം, എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വീട്ടിലുള്ളവർക്കും സുരക്ഷാജീവനക്കാർക്കും വ്യക്തതയില്ല. സംഭവം ആരും നേരിട്ടു കണ്ടിട്ടില്ല. ഒൻപതാം നിലയിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽനിന്നാണ് വീണത്. ഇവിടത്തെ കൈവരിക്കും ഉയരമുണ്ട്. ബാൽക്കണിയിൽ ഒരു കേസര മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അപകടമുണ്ടായതെങ്ങനെ എന്നു കണ്ടെത്താമെന്നാണ് പോലീസ് പറയുന്നത്.

സഹപ്രവർത്തകന്റെ മകൾക്കുണ്ടായ അപകടമറിഞ്ഞ് പ്രധാന ഉദ്യോഗസ്ഥരെല്ലാം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഡിജിപി അനിൽകാന്ത്, ജില്ലാ കളക്ടർ നവജ്യോത് ഖോസെ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ നേരിട്ടെത്തി അനുശോചനമറിയിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും അനുശോചിച്ചു.

2000 കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആനന്ദ് സിങ്. ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്നു.

Exit mobile version