തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം. ടോർച്ചുകൊണ്ട് അടിയേറ്റ് നെറ്റിയിൽ പൊട്ടൽ ഉൾപ്പടെ സംഭവിച്ചിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന റെയിൽവേ ജീവനക്കാരനെതിരേ ആർപിഎഫ് കേസെടുത്തു.
വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവിൽ മൂസയുടെ മകൻ ഷമീറാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോകാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷമീർ. തനിക്ക് കയറേണ്ട എസ്5 കോച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ റെയിൽവേ ജീവനക്കാരൻ മർദ്ദിച്ചെന്നാണ് ഷമീറിന്റെ പരാതി.
ഞരമ്പുകൾ ദുർബലമാകുന്ന അസുഖത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് ഷമീർ തിരുവനന്തപുരത്തേക്ക് പോകാനിരുന്നത്. ഇതുമൂലം ഇദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടുണ്ട്. കൂടാതെ സംസാരിക്കുന്നതിനും ചെറിയ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ വർഷങ്ങളായി തുടരുന്നയാളാണ് ഷമീർ.
മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് റെയിൽവേ സ്റ്റേഷനിൽ കിടക്കുകയായിരുന്ന ഷമീറിനെ റെയിൽവേ പോലീസാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നെറ്റിയിലെ മുറിവിൽ മൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു. ശരീരത്തിൽ പലഭാഗത്തും മർദനമേറ്റതായും പറയുന്നു. സംഭവത്തെത്തുടർന്ന് യാത്ര മുടങ്ങുകയും ചെയ്തു.
കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ട ഷമീർ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. റെയിൽവേ സ്റ്റേഷൻ മാനേജർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്..
Discussion about this post