തൃശ്ശൂർ: ജയിലിൽ കഴിയുന്ന കൊടിസുനിയെ വധിക്കാൻ സയനൈഡ് വരെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്വട്ടേഷൻ സംഘം. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ഇക്കാര്യം ജയിൽ അധികൃതരെ അറിയിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ കൊലപാതകം നടക്കണമെന്നാണ് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. ബിൻഷാദിന്റെ അക്കൗണ്ട് നമ്പറും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഈ സംഭവങ്ങൾ ബിൻഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവർ കൂടിയാലോചിച്ചശേഷം ഈ വിവരം ജയിൽ സൂപ്രണ്ടിനെ അറിയിക്കുകയും ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
ജയിൽ അധികൃതരുടെ സഹായത്തോടെ തന്നെ കൊടിസുനിയെ വധിക്കാനുള്ള വസ്തുക്കൾ ജയിലിനുള്ളിൽ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷൻസംഘത്തിന്റെ അവകാശവാദം. ഫഌറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിൻഷാദിനെ ക്വട്ടേഷൻസംഘം ബന്ധപ്പെട്ടത്.
ഇവർ റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാൽ ആരും അറിയില്ലെന്നും ബിൻഷാദിനെ ഇവർ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം.
ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിൻഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി.
Discussion about this post