തിരുവനന്തപുരം; അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങള്‍ക്കും പിന്നാലെ ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹിംഖാന്‍ ആവശ്യപ്പെട്ടു.
അടുക്കടിയുള്ള ഹര്‍ത്താലുകള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകര്‍ച്ചയിലാക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും ഹര്‍ത്താലുകളും മറ്റും കാരണം കൊണ്ടും ദേശീയ സിലബസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തികളെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അടുത്തകാലങ്ങളിയായി കേരളത്തില്‍ ഓരോ വര്‍ഷവും നൂറിനടുത്തതോ അതിനു മേലെയോ സംസ്ഥാന- പ്രാദേശിക ഹര്‍ത്താലുകള്‍ വരാറുണ്ട്. ഇതുംകൂടി കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പിന്നോട്ട് പോകുകയാണെന്നും അതിനാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.