കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഇഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നത്. ആവശ്യമായ രേഖകള്‍ കൈമാറിയതായും ഇനി വരേണ്ടതുണ്ടോ എന്ന് ഇഡിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നേരത്തേ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് സാവകാശം തേടിയെങ്കിലും പിന്നീട് ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു.
ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ രണ്ട് തവണയായി ഇഡിക്ക് മുന്നില്‍ കെടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇഡി വിളിപ്പിച്ചിട്ടുണ്ട്.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.