കൊച്ചി: സൈക്കിളിങിനോടുള്ള പ്രണയം കാരണം ഒത്തുകൂടിയ കൊച്ചിൻ ബൈക്കേഴ്‌സ് ക്ലബിന് ഈ ശനിയാഴ്ച മറക്കാനാകാത്ത മറ്റൊരു അനുഭവം കൂടി സമ്മാനിച്ചാണ് കടന്നുപോയത്. 200 കിലോമീറ്റർ ദൈർഘ്യമുള്ള നീണ്ട സൈക്കിൾ യാത്ര പൂർത്തീകരിച്ചാണ് 174 പേർ വരുന്ന സൈക്കിൾ പ്രേമികൾ തങ്ങളുടെ സൈക്കിളിങിലെ മികവ് കാഴ്ചവെച്ചത്.
ഈ സൈക്കിളിങ് പ്രണയിതാക്കളിൽ തന്നെ മുൻപന്തിയിലുള്ള ടിപി സലിം കുമാർ ഐആർഎസ് ആകട്ടെ ശനിയാഴ്ച രാവിലെ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ കൈയ്യുമായാണ് റൈഡിൽ പങ്കെടുത്തത്. പരിക്കേറ്റെങ്കിലും ദീർഘദൂര സൈക്ലിംഗ് കായിക ഇനമായ ബിആർഎം (ബ്രെവെറ്റ് ഡി റാൻഡോണിയേഴ്‌സ് മൊണ്ടിയാക്‌സ്) വിജയകരമായി തന്നെ പൂർത്തിയാക്കാനും സപ്ലൈകോ ജനറൽ മാനേജരായ ഇദ്ദേഹത്തിന് സാധിച്ചു.ഒപ്പം തന്റെ വിജയം കിറ്റ് വിതരണത്തിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് കിറ്റ് വിതരണം പൂർത്തിയാക്കിയ സപ്ലൈകോയിലെ ജീവനക്കാർക്കായി സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ് ടിപി സലിം കുമാർ.
പൊന്നുരുന്നി റെയിൽ മേൽപ്പാലത്തിന് സമീപം സൈക്കിൾ മറിഞ്ഞാണ് ടിപി സലിം കുമാറിന് ഇടതുകൈത്തണ്ടയിൽ സാരമല്ലാത്ത പരിക്കേറ്റത്. പരിക്കേറ്റിട്ടും പിന്മാറാതെ ബിആർഎം പൂർത്തിയാക്കിയ സന്തോഷം മുറിവുകളെ ഉണക്കിയ ചാരുതാർഥ്യമാണ് ഈ ഐആർഎസ് ഉദ്യോഗസ്ഥന്.
1921 ൽ ഫ്രാൻസിൽ നടന്ന ആദ്യത്തെ ബിആർഎമ്മിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കൊച്ചിൻ ബൈക്കേഴ്‌സ് ക്ലബ് ഈ പരിപാടി സംഘടിപ്പിച്ചത്. ‘2013 മുതൽ ഞങ്ങൾ കൊച്ചിയിൽ ബിആർഎമ്മുകൾ നടത്തി വരുന്നുണ്ട്.’ ഇതുവരെ 53 ബിആർഎമ്മുകളാണ് സംഘടിപ്പിച്ചതെന്ന് അഭിമാനത്തോടെ പറയുകയാണ് കൊച്ചിൻ ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് ഷാഗ്‌സിൽ ഖാൻ.
ആദ്യമായാണ് ടിപി സലിം കുമാർ ഒരു ബിആർഎമ്മിൽ പങ്കെടുക്കുന്നത്. ‘പത്ത് വർഷത്തോളമായി മുംബൈ മാരത്തൺ, കൊച്ചിൻ മാരത്തൺ തുടങ്ങിയ വിവിധ മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സൈക്ലിങ് ആരംഭിച്ചത്. പൊന്നുരുന്നി മേൽപ്പാലത്തിന് സമീപം സൈക്കിൾ സ്‌കിഡ് ആയതിനാൽ കൈത്തണ്ടയിൽ ചെറിയ പൊട്ടൽ സംഭവിച്ചു. പക്ഷേ എന്തുവില കൊടുത്തും പരിപാടി പൂർത്തിയാക്കണമെന്ന ആഗ്രഹമായിരുന്നു മനസിൽ. രാത്രി കൊച്ചിയിൽ തിരിച്ചെത്തിയ ഞാൻ നേരെ ആശുപത്രിയിലേക്ക് പോയി, അവിടെ നടത്തിയ എക്‌സ്‌റേയിൽ എന്റെ കൈത്തണ്ടയിലെ എല്ല് ഒടിഞ്ഞതായി കാണിച്ചു’- സലിം കുമാർ പറയുന്നു.
തന്റെ ഈ വിജയം സപ്ലൈകോയിലെ ജീവനക്കാർക്കായി സമർപ്പിക്കുന്നുവെന്നും ചിപി സലിം കുമാർ പ്രതികരിച്ചു. സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണത്തിനായി കഠിനധ്വാനം ചെയ്ത സപ്ലൈകോയിലെ ജീവനക്കാരാണ് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതെന്നും അദ്ദേഹം 200 കിലോമീറ്റർ ദൂരം താണ്ടിയതിന് ശേഷം പ്രതികരിച്ചു. രോഹിത് രാജ്, അനൂപ് എംആർ എന്നീ സുഹൃത്തുക്കളുടെ പിന്തുണയും തന്റെ ഉദ്യമം പൂർത്തീകരിക്കാൻ പലവിധത്തിൽ സഹായിച്ചെന്നും ടിപി സലിം കുമാർ പറയുന്നു.
ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഇരിമ്പനത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സിമി തോമസിനും ബിആർഎമ്മിൽ പങ്കെടുക്കുന്ന സമയത്ത് വലിയ ബുദ്ധിമുട്ടികളാണ് നേരിടേണ്ടി വന്നത്. ‘എന്റെ സൈക്കിളിന്റെ ഒരു ടയർ വൈറ്റിലയ്ക്ക് സമീപം പഞ്ചറായി. അരൂരിലും വൈറ്റിലയിലും വെച്ചും സൈക്കിൾ പഞ്ചറായി. എന്നിട്ടും, ടയർ മൂന്ന് തവണ ശരിയാക്കിയ ശേഷം ഞാൻ കൃത്യസമയത്ത് ബിആർഎം പൂർത്തിയാക്കി’- ഒരു വർഷം മുമ്പ് മാത്രം സൈക്കിൾ ചവിട്ടാൻ തുടങ്ങിയ സിമി പ്രതിസന്ധികളെ തരണം ചെയ്ത സന്തോഷം പങ്കുവെച്ചതിങ്ങനെ.
‘കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിലാണ് ഞാൻ സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ ഒരു ബിആർഎം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,’- സിമി സന്തോഷം മറച്ചുവെച്ചില്ല.
ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് രാവിലെ 8.27 ന് യാത്ര ആരംഭിച്ച സിമി വൈകുന്നേരം 6.15 ഓടെയാണ് ബിആർഎം പൂർത്തിയാക്കി. ബിആർഎം മാനദണ്ഡമനുസരിച്ച്, പങ്കെടുക്കുന്നവർ 13.5 മണിക്കൂറിനുള്ളിൽ 200 കിലോമീറ്റർ പൂർത്തിയാക്കണം.
കലൂരിലെ ജവർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി ആരംഭിച്ചതും അവസാനിച്ചതും. കലൂർ-വൈറ്റില-അരൂർ-വൈറ്റില-ആലുവ-തൃശ്ശൂർ-പീച്ചി ഡാം വഴിയായിരുന്നു ബിആർഎം പാത.