‘മേയറല്ല, എംപിയാണ്, ശീലങ്ങള്‍ മറക്കരുത്’; തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിപ്പ് സുരേഷ് ഗോപി

തൃശ്ശൂര്‍: തന്നെ കണ്ടിട്ടും മൈന്‍ഡ് ചെയ്യാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി ഒല്ലൂര്‍ എസ്‌ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്ഐയോട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നേരത്തെ തനിക്ക് സല്യൂട്ട് ലഭിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ ഡ്യൂട്ടിയിലുള്ള പ്രത്യേകിച്ച് പൊതു നിരത്തിലുള്ള പൊലീസുകാര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും സല്ല്യൂട്ട് നല്‍കാറില്ലായിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പൊലീസ് റാങ്കിലുള്ള ഡിജിപി, എഡിജിപി, ഐജി ഡിഐജിമാര്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. നിലവില്‍ എംപിക്കും എംഎല്‍എമാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് താന്‍ മേയറല്ല, എംപിയാണ് സല്ല്യൂട്ടൊക്കെ ആകാംമെന്ന് പരാമര്‍ശവുമായി രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

Exit mobile version