പാലക്കാട്: അവിശ്വസനീയ പ്രണയകഥയിലെ കഥാപാത്രങ്ങളായ റഹ്മാനും സജിതയും വിവാഹിതരായി. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10 വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്മാന്‍ സജിതയെ നിയമപരമായി വിവാഹം കഴിച്ച സന്തോഷത്തിലാണ് റഹ്മാന്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനാണ് ഒടുവില്‍ തിരശീല വീണത്.
ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം നടന്നത്. നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇരുവരും വിവാഹ അപേക്ഷ സമര്‍പ്പിച്ചു. സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നമാണ് ഇനി ബാക്കിയുള്ളതെന്ന് ഇരുവരും പറയുന്നു. രാവിലെ പത്തുമണിയോടെ നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് റഹ്മാനും സജിതയുമെത്തുമ്പോള്‍ സ്വീകരിക്കാന്‍ നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളും എത്തിയിരുന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വിവാഹ സമ്മാനം സ്വീകരിച്ച് സബ് രജിസ്ട്രാര്‍ക്ക് ഇരുവരും വിവാഹ അപേക്ഷ നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളും സന്നിഹിതരായി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി.
അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18-കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.
2021 മാര്‍ച്ചില്‍ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസന്വേഷണം നടക്കുന്നതിനിടെ റഹ്മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച് കാണുകയും പോലീസില്‍ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പ്രണയജീവിതം പുറംലോക അറിഞ്ഞത്.
പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴിനല്‍കിയതോടെ പോലീസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല.
Discussion about this post