പട്ന: അക്കൗണ്ടിലേക്ക് അബന്ധത്തില്‍ വന്ന തുക തിരിച്ച് നല്‍കാന്‍ വിസമ്മതിച്ച് ഉപഭോക്താവ്. ബിഹാറിലെ ഖഗരിയ സ്വദേശിയായ രഞ്ജിത്ത് ദാസിന്റെ അക്കൗണ്ടിലേക്കാണ് അബദ്ധവശാല്‍ 5.5 ലക്ഷം രൂപ ക്രെഡിറ്റ് ആയത്.
ഗ്രാമീണ്‍ ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. തുടര്‍ന്ന് തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ ആ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, ‘ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല.’ എന്ന വിചിത്രമായ മറുപടിയാണ് നല്‍കിയത്.
ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, പ്രസ്തുത തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായി എങ്കിലും, ദാസ് ആ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. താന്‍ കിട്ടിയ ദിവസം തന്നെ അത് മുഴുവനും ചെലവാക്കിക്കളഞ്ഞു എന്നാണ് ദാസിന്റെ വിശദീകരണം.
‘ഇക്കൊല്ലം മാര്‍ച്ചില്‍ ഈ പണം അക്കൗണ്ടില്‍ വന്നു ക്രെഡിറ്റായപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആണ് എന്നാണ് ഞാന്‍ കരുതിയത്. കിട്ടി അധികം വൈകാതെ അത് മുഴുവന്‍ ഞാന്‍ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാല്‍, അതിന് ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ഒരു നയാപൈസയും ബാക്കിയില്ല.’ എന്നാണ് ദാസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത് എന്ന് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ബാങ്ക് മാനേജരുടെ പരാതിയിന്മേല്‍ രണ്‍ജിത് ദാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post