തൃശ്ശൂർ: ആറുമാസം മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാർത്ഥി അമലിനെ ആൾതാമസമില്ലാത്ത വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ നാടുവിട്ടെന്ന് കരുതിയ തൃശൂർ പാവറട്ടിയിലെ പ്ലസ് വൺ വിദ്യാർഥി അമൽ കൃഷ്ണയെയാണ് അകലെയല്ലാത്ത ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചേറ്റുവ എംഇഎസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകനാണ്.
മകൻ നാടുവിട്ടതെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാർത്ത തേടി എത്തിയത്. വീടടിൽ നിന്നും നാല് കിലോമീറ്റർ അകലെ തളിക്കുളത്തെ ദേശീയപാതയോരത്ത് ആൾതാമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചുമരിൽ പേരും ഫോൺ നമ്പറും കുറിച്ചിരുന്നു. ഇത് അമൽ തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ തലഭാഗം ഒഴികെയുള്ള ഭാഗം കയറിൽ നിന്നും ഊർന്ന് നിലത്തുവീണ നിലയിലായിരുന്നു.
സമീപത്ത് നിന്നും അമലിന്റെ പേരിലുള്ള എടിഎം കാർഡും ഫോട്ടോകളും ഒടിച്ച സിം കാർഡും കണ്ടെത്തി. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാൻ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കനായിരുന്നു അമൽ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ അമലിന്റെ എടിഎം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ അമലിനേയും കൂട്ടി അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
അമലിന്റെ അക്കൗണ്ടിൽ സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം.
കാണാതായ നാൾ മുതൽ അമൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പ്രാർഥനയോടെ കഴിയുകയായിരുന്നു കുടുംബം.
Discussion about this post