എല്ലാ വിശ്വാസികള്‍ക്കും തുല്ല്യഅവകാശം: രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഹൈക്കോടതി കേസ് എടുത്തു

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ഹൈക്കോടതി.
രവി പിള്ളയുടെ മകന്റെ വിവാഹത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കണം. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ക്ക് മാത്രമേ നിലവില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.

വിവാഹത്തിനായി നടപ്പന്തല്‍ ഓഡിറ്റോറിയത്തിന് സമാനമായി അലങ്കരിച്ചു. മൂന്ന് കല്യാണ മണ്ഡപത്തില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ആ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് ചോദിച്ചു. ഒരുമാസത്തിനിടെ ഗുരുവായൂരില്‍ വെച്ചുണ്ടായ എല്ലാ കല്യാണങ്ങളുടേയും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version