കൊച്ചി: കോടികളുടെ സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് ഉടമയെ ഏല്‍പ്പിച്ച ചുണങ്ങംവേലിയിലെ ലോട്ടറി വില്പനക്കാരി സ്മിജ കെ.മോഹനന്, ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കി ബംപറടിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രന്‍. പറഞ്ഞ വാക്കിന് ആറു കോടിയേക്കാള്‍ വില നല്‍കിയതിനാണ് സ്മിജയ്ക്ക് ചന്ദ്രന്റെ സമ്മാനം.
കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദ്രന് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാംസമ്മാനമടിച്ചത്. ചന്ദ്രന്‍ ഫോണിലൂടെ പറഞ്ഞുറപ്പിച്ച നമ്പരിനായിരുന്നു സമ്മാനം. പണം നല്‍കാതിരുന്നിട്ടുപോലും ലോട്ടറി വില്പനക്കാരി സ്മിജ അതു സുരക്ഷിതമായി ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു നല്കുകയായിരുന്നു.
രാജഗിരി ആശുപത്രിക്കു മുന്നില്‍ വര്‍ഷങ്ങളായി ലോട്ടറി വില്ക്കുന്ന സ്മിജ, വിറ്റു പോകാതിരുന്ന ടിക്കറ്റ് പലരെയും വിളിച്ചു വേണോ എന്നു തിരക്കിയിരുന്നു. ഒടുവില്‍ ആ ടിക്കറ്റ് മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ അടുത്ത ദിവസം നല്കാമെന്നു പറയുകയും ചെയ്തു.
സ്മിജ ടിക്കറ്റ് മാറ്റിവച്ച് ഫോട്ടോ വാട്‌സാപ്പില്‍ ചന്ദ്രന് അയച്ചു നല്കി. ഈ ടിക്കറ്റിനെ തേടിയാണ് ഭാഗ്യദേവതയെത്തിയത്. സമ്മാനം ലഭിച്ച വിവരമറിഞ്ഞതോടെ ചന്ദ്രന്‍ മാറ്റിവയ്ക്കാന്‍ പറഞ്ഞ ടിക്കറ്റ് ഭര്‍ത്താവിനൊപ്പം സ്മിജ ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു നല്കി.
സമ്മാനത്തുകയായി ഏജന്‍സി കമ്മിഷനും നികുതിയും കഴിഞ്ഞ് നാലു കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചന്ദ്രന് പണം കൈയ്യില്‍ കിട്ടിയത്. ഇതിനു പിന്നാലെയാണ് ഓണംബംപര് ലോട്ടറി എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്കു നല്കിയത്.
ലോട്ടറി വിറ്റതിനുള്ള കമ്മിഷന്‍ തുക 60 ലക്ഷത്തില് നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കുമെന്നു സ്മിജ പറഞ്ഞു. എറണാകുളം ജില്ലയില്‍ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസിലെ താല്ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിന്റെ പേരില് ജോലി നഷ്ടമായതിനെ തുടര്ന്നാണ് ഇവര് ലോട്ടറിക്കച്ചവടം ആരംഭിക്കുന്നത്.
Discussion about this post