കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി. ബോംബ് ഭീഷണിയെ തുടർന്ന് ആശുപത്രിയിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയതോടെയാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് മലപ്പുറം വളാഞ്ചേരി നടുവട്ടം സ്വദേശി ടിപി അബ്ദുൾ ഷഫീഖിനെ (20) അറസ്റ്റുചെയ്തു.
മലപ്പുറത്തെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. വേറെയൊരാൾ മെസേജ് അയച്ചെന്നും അത് ഡിലീറ്റ് ചെയ്തശേഷമാണ് പോലീസിലേക്ക് വിളിച്ചതെന്നുമാണ് ഇയാൾ മൊഴിനൽകിയത്. കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറിയിച്ചു.
അറസ്റ്റിലായ യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ‘112’ നമ്പറിലേക്ക് വിളിച്ച് മെഡിക്കൽ കോളേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി അറിയിക്കുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽനിന്ന് വിവരമറിയിച്ചപ്രകാരം പരിശോധന നടത്തുകയായിരുന്നു.
ഡിസിപിയുടെ മേൽനോട്ടത്തിൽ, മെഡിക്കൽ കോളേജ് എസിപി കെ സുദർശന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ്, കുന്ദമംഗലം, പന്നിയങ്കര പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. ആശുപത്രിക്കുപുറത്തും അകത്തും വിശദമായി നടത്തിയ പരിശോധന തിങ്കളാഴ്ച പുലർച്ചെ മൂന്നരമണിയോടെയാണ് അവസാനിച്ചത്.
മെഡിക്കൽ കോളേജ് ആയതിനാൽ വളരെയധികം കരുതലോടെയാണ് പോലീസ് പരിശോധന നടത്തിയത്. സാധാരണയുള്ള നടപടിക്രമത്തിന്റെ ഭാഗമായുള്ള പരിശോധനയാണെന്നാണ് പറഞ്ഞത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ അറിയിച്ചു.
Discussion about this post