കൊച്ചി: കോണ്‍ഗ്രസില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ലതികാ സുഭാഷ്.
അനില്‍ പറഞ്ഞതെല്ലാം കൃത്യമാണ്. പാര്‍ട്ടിയെ ഒരുപാട് സ്നേഹിച്ച പ്രവര്‍ത്തകയാണ് താന്‍. അവിടെ തുല്യനീതി ലഭിക്കുന്നില്ല. നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ച നേതാക്കളെല്ലാം ഇന്ന് നേതൃത്വത്തില്‍ ഉണ്ട് എന്നും ലതികാ സുഭാഷ് പ്രതികരിച്ചു.
‘ആത്മാര്‍ത്ഥമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന, താഴെതട്ടിലെ പ്രവര്‍ത്തകരുമായി ബന്ധമുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ ക്ഷമിച്ചിരുന്നവരാണ്. അവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്.
ഇത് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ഞാന്‍ ഉള്‍പ്പെടെ പിസി ചാക്കോ, റോസിക്കുട്ടി ടീച്ചര്‍, എപി ഗോപിനാഥ്, പ്രശാന്ത്, ഇപ്പോള്‍ കെപി അനില്‍കുമാറും രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സംഭാവന ചെയ്തവരാണ് രാജിവെക്കുന്നത്.’ ലതികാ സുഭാഷ് പറഞ്ഞു.
ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ രാജി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.
Discussion about this post