തിരുവനന്തപുരം: പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ ഇനി സിപിഎമ്മിനൊപ്പം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ അനില്‍കുമാര്‍ ഏ.കെ.ജി സെന്ററിലെത്തി സിപിഎമ്മില്‍ ചേര്‍ന്നു. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ ഏ.കെ.ജി സെന്ററില്‍ എത്തിയ്ത്. ഏ.കെ.ജി സെന്ററിലെത്തിയ അനില്‍കുമാറിനെ സി.പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്. ചുവപ്പ് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു.
കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്.
അനില്‍കുമാറിന്റെ വാക്കുകള്‍;
‘ആദ്യമായാണ് എകെജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാല്‍ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍ പോകുന്നത്. സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ്.
ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണ്. ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചു.
പുതിയ നേതൃത്വം വന്നതിന് ശേഷം ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാര്‍ട്ടിക്കുള്ളില്‍ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്, തന്റെ രക്തത്തിന് വേണ്ടി, തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന ആളുകളാണ് നേതൃത്വത്തില്‍ ഉള്ളതെന്നതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ട്ടിയുമായി 43 വര്‍ഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നല്‍കാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. 2021ലും സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പാര്‍ട്ടി ചതിച്ചു. അഞ്ച് വര്‍ഷം നിശബ്ദനായിരുന്നു, അഞ്ച് വര്‍ഷവും ഒരു പരാതിയും പറയാതെ പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയല്‍പക്കത്ത് പോലും സ്ഥാനം നല്‍കാതെ പാര്‍ട്ടി തന്നെ ആദരിച്ചു.
Discussion about this post