തൃശ്ശൂര്‍: ബിജെപി അധികാരത്തിലേറിയാല്‍ എകെജി സെന്റര്‍ ഇടിച്ച് തകര്‍ക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ സിപിഎമ്മില്‍ ചേര്‍ന്ന ബിജെപി നേതാക്കളുടെ ചിത്രം പങ്കുവച്ചാണ് കോടിയേരിയുടെ പരിഹാസം.
‘ഏതോ ഒരു ബിജെപി നേതാവ് എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തി സിപിഐ എം’നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ബിജെപിയുടെ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണം!- കോടിയേരി ഫേയ്സ് ബുക്കില്‍ കുറിച്ചു.
ശബരിമലയെ ബിജെപി വര്‍ഗീയ തരംതിരിവിന് ഉപയോഗിക്കുകയാണെന്നും ജനാധിപത്യത്തിന്റെ ഒരു കണിക പോലും ബിജെപിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സമിതി അംഗം പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍, ബിജെപി നേതാവ് ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരും ചില പ്രവര്‍ത്തകരുമാണ് ബിജെപി വിട്ടത്.
കൂടാതെ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ സിബി സാം തോട്ടത്തിലും രാജി വച്ച് സിപിഎമ്മില്‍ ചേരുമെന്ന് പറഞ്ഞിരുന്നു. ബിജെപിയുടെ ന്യൂനപക്ഷ-ദളിദ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് സാം രാജി വച്ചത്.
Discussion about this post