പുത്തൂര്‍: ഓടികൊണ്ടിരിക്കെ ബൈക്കിലിരുന്നു കുടനിവര്‍ത്തിയ വീട്ടമ്മയ്ക്ക് റോഡിലേയ്ക്ക് തെറിച്ചുവീണു ദാരുണാന്ത്യം. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനില്‍ ഗീതാകുമാരിയമ്മയാണ് മരിച്ചത്. 52 വയസായിരുന്നു. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഈരാടന്‍മുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകന് വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോള്‍ കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. അമ്മയെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ മകന് പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ശശിധരന് പിള്ള. മരുമകള്‍: ആര്യ. എഴുകോണ്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
Discussion about this post