തിരുവനന്തപുരം: വനിതാ മതിലിനും മകര ജ്യോതിക്കുമെതിരെ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കാന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനമെടുത്തു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് എതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം, വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കുകയും ചെയ്തു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തില്‍ സാമുദായിക സംഘടനകളുടെ സഹായത്തോടെ ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 26നാണ് മകരജ്യോതി തെളിയിക്കുന്നത്.
Discussion about this post