കൊച്ചി: ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ പ്രതികരിച്ച് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി എപി അബ്ദുള്‍ ഹകീം അസ്ഹരി. ഇത്തരം പ്രചാരണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നും എന്നാല്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രണയിച്ച് അന്യമതത്തിലേക്ക് പോവുന്നവരില്‍ മുസ്ലിം പെണ്‍കുട്ടികളുമുണ്ടെന്നും അതിനാല്‍ അന്യമത വിവാഹം തടയുന്ന നിയമം വന്നാല്‍ അതിനെ പിന്തുണയ്ക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും അബ്ദുള്‍ ഹകീം അസ്ഹരി പറഞ്ഞു.
പ്രധാനമായി ഉന്നയിച്ച ഒരു കാര്യം ലൗ ജിഹാദാണ്. പ്രണയിച്ച് കൊണ്ട് അന്യമതത്തിലേക്ക് അവരുടെ പെണ്‍കുട്ടികളെ കൊണ്ടു പോവുന്നു. ഇതൊരു വലിയ പ്രശ്‌നമാണ്. മുസ്ലിങ്ങളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. പെണ്‍കുട്ടികള്‍ വിശുദ്ധി കാത്തു സൂക്ഷിക്കണം, മറ്റു മതക്കാരെ കല്യാണം കഴിക്കരുത് എന്നൊക്കെയുള്ള തീരുമാനമുള്ളത് മുസ്ലിം മതത്തിലാണ്.
മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് തുടങ്ങിയ നിയമ നിര്‍മാണം കൊണ്ടു വന്നാല്‍ അതിനെ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും. അത് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും. അബ്ദുള്‍ ഹകീം പറഞ്ഞു.
ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ ഒരു കാലത്തും നടത്തിയിട്ടില്ല. നാര്‍ക്കോട്ടിസത്തെപറ്റിയും മറ്റും ഇസ്ലാമിനുള്ള കാഴ്ചപ്പാട് ആളുകള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ ഈ മതത്തിലേക്ക് കടന്നു വരും. ബാബറി മസ്ജിദ് പൊളിച്ച വര്‍ഷത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത്. ഡെന്‍മാര്‍ക്കില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ ഉണ്ടാക്കിയപ്പോഴാണ് അവിടെ ധാരാളമാളുകള്‍ ഇസ്ലാമിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ മൂലം നിരവധി പേര്‍ ഇസ്ലാമിനെക്കുറിച്ച് അറിയാനും പഠിക്കാനും മതത്തിലേക്ക് വരാനുമുള്ള വലിയ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post