കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ക്കും അമ്മയ്ക്കും രക്ഷകയായി 53 കാരിയായ വീട്ടമ്മ.
”എന്റെ ജീവന് പോകുന്നെങ്കില്‍ പൊയ്ക്കോട്ടെ, എനിക്കിത്രയും പ്രായമില്ലേ, അവര്‍ ചെറുപ്പമല്ലേ…അവരെ രക്ഷിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു”
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ച
അരുവാപ്പുലത്തെ ഐരവണ്‍ മംഗലത്ത് വീട്ടില്‍ ശാന്തകുമാരിയമ്മയുടെ വാക്കുകളാണിത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെ അച്ചന്‍കോവിലാറ്റിലെ ഐരവണ്‍ പറമ്പിനാട്ട് കടവിലാണ് സംഭവം. ഐരവണ്‍ പെരുംതോട്ടത്തില്‍ രാജേഷിന്റെ ഭാര്യ ശ്രീജ(39), രാജേഷിന്റെ അനുജന് രതീഷിന്റെ മകന് കാര്‍ത്തിക് (12), സഹോദരി രജനിയുടെ മകന് തേജസ് (13) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ ആറ്റില്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഈസമയം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കടവില്‍ കുളിക്കാനെത്തിയ ശാന്തകുമാരിയമ്മ ആറ്റിലേക്ക് ചാടി കാര്‍ത്തികിനെ രക്ഷപ്പെടുത്തി കരക്കെത്തിക്കുന്നതിനിടെ തേജസും തേജസിനെ രക്ഷിക്കാന്‍ ശ്രമിച്ച ശ്രീജയും ഒഴുക്കില്‍പ്പെടുകയായിരുന്നു.
കാര്‍ത്തികിനെ അടിയൊഴുക്കുള്ള നദിയില്‍ നീന്തി കരക്കെത്തിച്ച ശേഷം വീണ്ടും നീന്തിയാണ് ശ്രീജയെയും തേജസിനെയും രക്ഷപ്പെടുത്തിയത്. 53കാരിയുടെ ധീരത സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതിനെത്തുടര്‍ന്ന് നിരവധിപേരാണ് ശാന്തകുമാരിയമ്മക്ക് അഭിനന്ദനവുമായി എത്തിയത്.
Discussion about this post