തിരുവനന്തപുരം: പാഴ്‌സൽ വിൽപന കൊണ്ടുമാത്രം പിടിച്ചു നിൽക്കാനാകില്ലെന്നു ചൂണ്ടിക്കാണിച്ച് ബാറുകളിൽ മദ്യം വിളമ്പാൻ ഒരുങ്ങി ബാറുടമകൾ. ഒന്നാം തീയതി അവധി ഒഴിവാക്കാനും ബാറുടമകളുടെ അണിയറനീക്കം സജീവമെന്നാണ് റിപ്പോർട്ടുകൾ. ബാറുകളിൽ ഇരുത്തി മദ്യവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന സർക്കാറിന് നിവേദനം നൽകി.
കോവിഡ് ലോക്ക്ഡൗൺ കാരണം കോടികളുടെ നഷ്ടം സംഭവിച്ചതായാണ് ബാറുടമകൾ ചൂണ്ടിക്കാട്ടുന്നത്. പാഴ്‌സൽ വിതരണം കൊണ്ടുമാത്രം ഇനി മുന്നോട്ട് പോകാനാകില്ല. കോടികൾ ചെലവാക്കി നിർമിച്ച ബാറുകൾ തകരുകയാണെന്നും അവർ പറയുന്നു.
ഒന്നാം തീയതി അവധി ഒഴിവാക്കിക്കിട്ടാനും ബാറുടമകളുടെ ശ്രമം നടക്കുന്നുണ്ട്. തങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നതിന് മുമ്പ് നൽകിയിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം നികുതിയിളവ് ഉൾപ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു.
സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സർക്കാറിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എംവി ഗോവിന്ദൻ ബാറുടമകളെ അറിയിച്ചു. യുഡിഎഫ് സർക്കാറിന്റെ കാലത്താണ് ഒന്നാം തീയതി മദ്യശാലകൾക്ക് അവധി നൽകിയത്.
Discussion about this post