ആറ്റുനോറ്റിരുന്ന് ലഭിച്ച സർക്കാർ ജോലി വ്യാജ രേഖകൾ നൽകി മറ്റാരോ തട്ടിയെടുത്തു; നിസഹായയായി നിർധന കുടുംബാംഗമായ ശ്രീജ

മല്ലപ്പള്ളി: ഏറെ നാൾ പരിശ്രമിച്ച് ഒടുവിൽ ഭാഗ്യം പോലെ വന്നെത്തി ചേർന്ന സർക്കാർ ജോലി വ്യാജരേഖകൾ നൽകി മറ്റാരോ തട്ടിയെടുത്തതിന്റെ ഞെട്ടലും വേദനയും ഇനിയും മാറിയിട്ടില്ല ശ്രീജയ്ക്ക്. കോട്ടാങ്ങൽ കുളത്തൂർ ചെറിയമുളയ്ക്കൽ എസ് ശ്രീജ തന്റെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിനുമിടയിലും പ്രതിസന്ധികളോട് പോരാടിയാണ് പഠിച്ച് സർക്കാർ ജോലിയെന്ന സ്വപ്‌നത്തിലേക്ക് അടുത്തത്. ഒടുവിൽ പരീക്ഷയിൽ മികവ് കാട്ടി സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത് നിൽക്കെ ആരോ തട്ടിമാറ്റിയത് ഈ കുടുംബത്തെ തന്നെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

കോട്ടയം പാമ്പാടി കോത്തല പുത്തൻപുരയ്ക്കൽ വീട്ടിൽനിന്ന് ആലാമ്പള്ളി സ്‌കൂളിലും വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളേജിലുമായിരുന്നു ശഅരീജയുടെ പഠനം. പിന്നീട് വിവാഹം കഴിഞ്ഞ് കോട്ടാങ്ങലെത്തിയപ്പോഴും സർക്കാർ ജോലിക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.

ഒടുവിൽ പ്രായപരിധി പിന്നിട്ട് 41 വയസ്സായി. ഇനി ഒരു അവസരമില്ലെന്ന് ഉറപ്പായപ്പോഴാണ് അവസാന പിടിവള്ളിയായി ഒരു ജോലി എത്തിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കാണ് ശ്രീജയ്ക്ക് നിയമനം ലഭിക്കേണ്ടിയിരുന്നത്. ഇവർ പരീക്ഷയെഴുതിയത് 2016 ഓഗസ്റ്റ് 27നാണ്. 2018 മേയ് 30ന് റാങ്കുപട്ടിക വന്നു. പൊതുവിഭാഗത്തിൽ റാങ്ക് നമ്പർ 233. 2021 ഓഗസ്റ്റ് നാല് എത്തിയപ്പോൾ തന്നെ തൊട്ടുമുന്നിലുള്ളവർക്കുവരെ നിയമനം കിട്ടി.

ഇതോടെ പ്രതീക്ഷ ഇരട്ടിയായ ശ്രീജ പിന്നീട് എന്നും രാവിലെ കോട്ടയം പിഎസ്‌സി ഓഫീസിലേക്ക് വിളിച്ചു. ഒടുവിൽ ഓഗസ്റ്റ് 11ന് ഓഫീസിൽ നിന്നും 14 പേർക്കുകൂടി അഡൈ്വസ് മെമ്മോ അയച്ചതായി വിവരം ലഭിച്ചു. 268 റാങ്കുള്ളവർക്ക് വരെ വരെ ജോലി കിട്ടും. വാർത്ത കേട്ടപ്പോൾ തന്നെ ശ്രീജയും ഇരു കുടുംബങ്ങളും വലിയ സന്തോഷത്തിലായിരുന്നു. പോസ്‌റ്റോഫീസിൽ നിന്നും കത്ത് വരുന്നതും നോക്കിയിരുന്നെങ്കിലും ലഭിച്ചില്ല. പോസ്റ്റ് ഓഫീസിൽ ചെന്നും തിരക്കിക്കൊണ്ടിരുന്നിട്ടും ഫലമുണ്ടായില്ല. ഇതോടെ സെപ്റ്റംബർ ആറിന് ഒരു സുഹൃത്ത് മുഖേന പിഎസ്‌സി വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴാണ 233ാം നമ്പർ റാങ്കുകാരി തന്റെ അവസരം ‘റീലിങ്ക്വിഷ്’ ചെയ്തിരിക്കുന്നതായി കാണിച്ചിരിക്കുന്നത്.

ഉടനെ കോട്ടയം പിഎസ്‌സി ഓഫീസിലെത്തി വിവരം തിരക്കിയപ്പോൾ മറ്റേതോ വകുപ്പിൽ സർക്കാർ ജോലിയുള്ളതിനാൽ ഈ ഉദ്യോഗം വേണ്ടെന്ന് താൻ എഴുതിക്കൊടുത്തതായും, അതിനായി നോട്ടറി തയ്യാറാക്കി ഗസറ്റഡ് ഓഫീസർ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ കത്തും രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. രേഖകൾ കാണണമെന്ന് ശ്രീജ ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല.

അന്നുതന്നെ കോട്ടയം ജില്ലാ പിഎസ്‌സി ഓഫീസർക്ക് പരാതി കൊടുക്കുകയും മറുപടിയും കിട്ടാതെവന്നപ്പോൾ ശനിയാഴ്ച കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയും ചെയ്തു. ആൾമാറാട്ടം നടത്തി വ്യാജരേഖ തയ്യാറാക്കിയത് ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന് പോകാനോ കുറ്റക്കാരെ തേടിപ്പിടിക്കാനോ ഒന്നും സാമ്പത്തികമായും ആൾ ബലവും ശേഷിയുമില്ലാത്ത ശ്രീജയോട് അധികൃതർ തന്നെ കനിയണം. സർക്കാരിലാണ് ഇവരുടെ സകല പ്രതീക്ഷകളും. ശ്രീജയുടെ പരാതിയെക്കുറിച്ച് പിഎസ്‌സി. വിജിലൻസ് വിഭാഗം അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നതാണ് ആശ്വാസം പകരുന്ന വാർത്ത.

ശ്രീജയുടെ ഭർത്താവ് സുരേഷ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. സുരേഷിന്റെ അച്ഛൻ രാമകൃഷ്ണപിള്ളയും അമ്മ അർബുദരോഗിയായ കമലാക്ഷിയമ്മയും ശാരീരികാവശതയിലാണ്. ഇവർക്ക് സ്‌കൂൾവിദ്യാർഥികളായ രണ്ട് മക്കളുണ്ട്. ശ്രീജയുടെ കോട്ടയം കോത്തലയിലുള്ള മാതാപിതാക്കളും തൊഴിലുറപ്പുപണി ചെയ്താണ് കഴിയുന്നത്. എല്ലാവരുടെയും ഏക പ്രതീക്ഷയായിരുന്നു ശ്രീജയ്ക്ക് ലഭിക്കുമായിരുന്ന സർക്കാർജോലി.

Exit mobile version