കൊച്ചി: ഗതാഗത നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ 259 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി ഗതാഗത വകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളിലാണ് ഇത്രയും ലൈസന്‍സുകള്‍ റദ്ദാക്കിയത്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ലോക്ഡൗണ്‍ കാലഘട്ടമായിരുന്ന 2020-ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കാതിരുന്നത്. 2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നല്‍കിയത്. അഞ്ചു വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് റദ്ദാക്കിയത്. ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറവായിരുന്ന 2020-ല്‍ 883 പേര്‍ക്കാണ് നിയമ നടപടിയിലൂടെ ലൈസന്‍സ് നഷ്ടമായത്.
ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 997 പേരുടെ ലൈസന്‍സ് നഷ്ടമായി. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചവര്‍, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിച്ചവര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി.