കോട്ടയം: ഗൃഹനാഥനും ഗൃഹനാഥയും മരിച്ചതോടെ അനാഥമായ വീടിന് കാവലിരുന്ന് വളര്‍ത്തുനായ. കാണക്കാരി മേത്തൊട്ടിയില്‍ എം.ജെ. ജോസും ഭാര്യ ജെസിയും ആഴ്ചകള്‍ക്കു മുന്‍പാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ വീട്ടില്‍ വളര്‍ത്തുനായ ബ്രൂണോ തനിച്ചായി.
ജോസിനും ജെസിക്കും മക്കളില്ല. ഇരുവരും മരിച്ചതോടെ വീടും ബ്രൂണോയും അനാഥരായി. എന്നാല്‍ തന്നെ ഏറ്റെടുക്കാന്‍ വന്നവരെ പറമ്പില്‍ കയറ്റാതെ ബ്രൂണോ പായിച്ചു. വീട്ടിലെത്തിയ അയല്‍ക്കാരെയും ബ്രൂണോ കുരച്ച് ഓടിച്ചു. കൂട്ടില്‍ കയറിട്ട് ബന്ധിച്ചിരുന്ന ബ്രൂണോ മേല്‍ക്കൂര പൊളിച്ച് പുറത്തിറങ്ങി.
അയല്‍വാസി മുണ്ടുവാങ്ങേല് പ്രദീപ് കുമാറും പരിസരവാസികളും ജോസിന്റെ ബന്ധുക്കളുമാണ് രണ്ടാഴ്ചയായി ബ്രൂണോയ്ക്കു ഭക്ഷണം നല്‍കുന്നത്. നായയെ ഏറ്റെടുക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടോയെന്ന് ആരാഞ്ഞ് അയല്‍വാസി കരിമ്പനക്കുന്നേല്‍ മാത്യു ഡേവിഡ് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഇതുകണ്ട് മെഡിക്കല്‍ കോളജ് പിആര്‍ഒ പേരേപ്പറമ്പില്‍ പി.എ. തോമസ് ഇന്നലെ നായയെ ഏറ്റെടുത്ത് വളര്‍ത്തുന്നതിന് എത്തി. എന്നാല്‍ ബ്രൂണോ കുരച്ച് ബഹളംവച്ചതോടെ ഏറ്റെടുക്കാനായില്ല. ജോസും ജെസിയും മക്കളെപ്പോലെയാണ് ബ്രൂണോയെ വളര്‍ത്തിയതെന്ന് സഹോദരന് എം.ജെ. ജോണ്‍ പറഞ്ഞു.
എം.ജെ. ജോസ് മുന്‍ ‘മിസ്റ്റര്‍ ഏറ്റുമാനൂര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഓഗസ്റ്റ് ഒന്നിനാണ് ജോസ് മരിച്ചത്. ഓഗസ്റ്റ് 23ന് ജെസിയും. തനിച്ചായ ബ്രൂണോയുടെ അവസ്ഥ കണ്ട് വേദനയിലാണ് ജോസിന്റെ ബന്ധുക്കളും അയല്‍ക്കാരും.
Discussion about this post