കോഴിക്കോട്: ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റുചെയ്തതോടെ പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടിയുണ്ടായാൽ എതിർപ്പില്ലാതെ സ്വീകരിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. എംഎസ്എഫ് അധ്യക്ഷസ്ഥാനം താത്കാലികമായിരുന്നു എന്നും ഇന്ന് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടാൽ പോലും അതിന് തയ്യാറാണെന്നും പികെ നവാസ് വ്യക്തമാക്കി.
‘എനിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ടതുണ്ടോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സംഘടനാ സ്ഥാനം താത്കാലികമായിരുന്നു. ആ സ്ഥാനത്ത് ഇനി ഞാൻ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. നാളെ അല്ലെങ്കിൽ ഇന്നു വൈകിട്ട് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടാൽ നൂറുശതമാനവും ആ തീരുമാനത്തെ ഒരെതിർപ്പും പറയാതെ സ്വീകരിക്കാൻ ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബാധ്യസ്ഥനാണ് താൻ’- പികെ നവാസ് പറഞ്ഞു. അറസ്റ്റ് നടപടിയെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും പികെ നവാസ് കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയനുസരിച്ച് ആരോപണ വിധേയനാണ് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത്. അറസ്റ്റോടുകൂടി എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ലഭിച്ചതായാണ് ഞാൻ കരുതുന്നത്. ഹരിത ഉയർത്തിയിരിക്കുന്ന പരാതിയിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പാർട്ടിയുടെ അനുവാദത്തോടെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പാനന്തര മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ പാർട്ടിക്കുണ്ടാകുന്ന പ്രതിസന്ധിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. ഈ സാഹചര്യത്തിൽ തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഭാരവാഹികൾ കത്ത് നൽകിയതായി അറിയില്ല. ലത്തീഫ് തുറയലിന്റെ കത്തിനെക്കുറിച്ച് മാധ്യമ വാർത്തകളിൽ നിന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post