കണ്ണൂര്‍: വിവാദ വ്ളോഗര്‍ സഹോദരങ്ങളായ ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.
ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post