മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റില്‍. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് മൊഴിയെടുപ്പിനും ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
വെള്ളയില്‍ പോലീസായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത്. പിന്നീട് വനിതാ പോലീസുള്ള ചെങ്ങമ്മാട് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഈ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു.
പികെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ടിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഹരിതയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഹരിത നേതാക്കള്‍.
ലീഗ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കും വിധം വനിതാ കമ്മീഷന് പരാതിയെ ഉപയോഗിക്കാനാണ് ഹരിതയുടെ നീക്കം. പരാതി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നേതാക്കളെ പ്രധാനമായും ചൊടിപ്പിച്ചത്.
നേരത്തെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി പികെ നവാസ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്ന് ഹരിത മുന്‍ സംസ്ഥാന നേതാവ് ഹഫ്സ മോള് വെളിപ്പെടുത്തിയിരുന്നു.
2017 മുതലാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. അതിന് മുമ്പുള്ള സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാരായോ, ജനറല്‍ സെക്രട്ടറിമാരായോ മറ്റു ഭാരവാഹികളുമായോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അന്നത്തെ നേതാക്കള്‍ എല്ലാം തന്നെ ഹരിതയെ മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിച്ച് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു.
Discussion about this post