ഒറ്റപ്പാലം: വീട്ടമ്മയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെ്ന് പോലീസ് കണ്ടെത്തി. കേസിൽ ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിലായി. ഒറ്റപ്പാലം ആർഎസ് റോഡിൽ തെക്കേത്തൊടിയിൽ ഖദീജ മൻസിലിൽ ഖദീജ (63) ആണ് വ്യാഴാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഖദീജയുടെ സഹോദരിയുടെ മകളും ഇവരുടെ രണ്ട് മക്കളും പോലീസ് പിടിയിലാവുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചതായാണ് വിവരം. ഖദീദയുടെ സഹോദരിയുടെ മകൾ ഷീജ, മകൻ യാസിർ, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണ് അറസ്റ്റിലായത്.
ആദ്യം യാസിറിനെ പിടികൂടിയ പോലീസ് രാത്രി വൈകി ലോഡ്ജിൽ നിന്നാണ് ഷീജയേയും മറ്റൊരു മകനേയും പിടികൂടിയത്. ഷീജയും മകൻ യാസിറും കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്നും ഇവർ മൊഴി നൽകി. കൊലക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ഷീജയുമായി തർക്കം നടന്നിരുന്നു. സ്വർണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തെ ജ്വവലറിയിൽ ഷീജ എത്തിയിരുന്നെങ്കിലും വില സംബന്ധിച്ച് ഒന്നും പറയാതിരുന്നതിൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ഇവർ പോലീസിൽ അറിയിക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണമാണെന്ന് പോലീസ് കണ്ടെത്തുകയുമായിരുന്നു.
പക്ഷെ, ഷീജ ബന്ധുവായതിനാൽ പരാതിയില്ലെന്ന് ഖദീജ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസ് എടുത്തിരുന്നില്ല. പിന്നീട് രാത്രി 8.30നാണ് കൊലപാതകം നടത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ വീട്ടിൽ നിന്ന് അപ്രത്യക്ഷരായി. പിന്നീട് പോലീസ് വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് ഷീജയേയും മക്കളേയും ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്.
ഖദീജയുടെ സഹോദരിയുടെ മകളായ ഷീജ ധാരാവി സ്വദേശിയാണ്. ഖദീജക്കൊപ്പം ഷീജയും മക്കളും കഴിഞ്ഞുവരികയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി വി സുരേഷ്, ഒറ്റപ്പാലം സിഐ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post