ഗുരുവായൂർ: ക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിലേക്ക് വരനും വധുവും കയറാനിരിക്കെ അഞ്ചര പവന്റെ മാല കളഞ്ഞുപോയതോടെ ഒന്ന് പതറിയെങ്കിലും താൽക്കാലികമായി മാലയെത്തിച്ച് വിവാഹം നടത്താനിരിക്കെ സ്വർണമാല തിരികെയെത്തി. താലികെട്ടുന്നതിന് തൊട്ടുമുമ്പാണ് താലിമാല നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. എന്നാൽ, കളഞ്ഞുകിട്ടിയ അഞ്ചരപ്പവന്റെ താലിമാല കൃത്യമായി തിരികെ എത്തിച്ച് യുവാവ് നന്മയുടെ പ്രതീകമായപ്പോൾ കല്യാണം മുഹൂർത്തം മാറാതെ നടന്നു.
കാസർകോട് വള്ളിയാലുങ്കൽ ശ്രീനാഥിന്റെയും പത്തനംതിട്ട കോന്നിയിലെ ശ്രുതിയുടെയും കല്യാണമായിരുന്നു വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ നടന്നത്. ഇവരുടെ താലിമാലയാണ് പാലക്കാട് സ്വദേശി സുജിത്തിന് കളഞ്ഞുകിട്ടിയതും അദ്ദേഹം ഇത് ബന്ധുക്കളെ ഏൽപിച്ചതും.
വരന്റെ അമ്മയുടെ ബാഗിൽ നിന്നാണ് താലിമാല കാണാതായത്. ഇതോടെ വരന്റെയും വധുവിന്റെയും കുടുംബം സങ്കടത്തിലായി. വിവരം പോലീസ് കൺട്രോൾ മുറിയിൽ അറിയിച്ചു. ക്ഷേത്രത്തിൽനിന്ന് മൈക്കിൽ അറിയിപ്പും ഉയർന്നു. കല്യാണം മുടങ്ങാതിരിക്കാൻ വരന്റെ അച്ഛൻ ഉടൻ സമീപത്തെ ജൂവലറിയിൽ പോയി ചെറിയൊരു താലി വാങ്ങി. അത് മഞ്ഞച്ചരടിൽ കോർത്ത് കെട്ടാനിരിക്കെയാണ് കളഞ്ഞുപോയ താലിമാല തിരിച്ചുകിട്ടിയിരിക്കുന്നുവെന്ന അനൗൺസ്‌മെന്റ് ഉയർന്നത്. ബന്ധുക്കൾ പോലീസ് കൺട്രോൾ മുറിയിൽ ചെന്ന് താലിമാല ഏറ്റുവാങ്ങി. തത്കാലത്തേക്ക് വാങ്ങിയ താലി ഗുരുവായൂരപ്പന് സമർപ്പിക്കുകയും ചെയ്തു.
പാലക്കാട് കമ്പ സ്വദേശി അറുമുഖന്റെ മകനാണ് മാല കണ്ടെത്തി തിരിച്ചേൽപ്പിച്ച സുജിത് (42). മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനടുത്ത് വഴിയിൽ കണ്ട പൗച്ചിലാണ് സ്വർണമാല കണ്ടത്. നേരെ പൗച്ച് പോലീസിൽ ഏല്പിക്കുകയായിരുന്നു. ബന്ധുക്കൾ പാരിതോഷികം നൽകാൻ ശ്രമിച്ചെങ്കിലും ഗുരുവായൂരപ്പന്റെ നടയിൽ നല്ലൊരുകാര്യം ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം മാത്രം മതിയെന്നായിരുന്നു സുജിത്തിന്റെ മറുപടി.