തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശമായി. ഒക്ടോബര്‍ നാലുമുതല്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍ നല്‍കാന്‍ പൊതുവെ സ്വീകരിച്ചിട്ടുള്ള സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ക്ലാസുകളില്‍ കുട്ടികള്‍ എത്തുന്നതിന് മുന്‍പ് തന്നെ സാനിറ്റൈസ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടിവരും.
ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുഡോസ് വാക്സിന്‍ എങ്കിലും കിട്ടിയിരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. ഇതിനായി ആരോഗ്യവകുപ്പ് സജ്ജീകരണമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഒരുഡോസ് വാക്സിന്‍ എങ്കിലും എടുക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു.
കോളേജുകളില്‍ കോവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കോ കോവിഡ് വന്നാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും. പോലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
അതേസമയം, ഇപ്പോള്‍ സിഎഫ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വിട്ടുതരണമെന്ന് കലക്ടര്‍മാരോട് ആവശ്യപ്പെടും. കലാലയ സമൂഹത്തിന്റെ ഉത്തരവാദിത്വപരമായ ഇടപെടലാണ് ആവശ്യമെന്നും മന്ത്രി അറിയിച്ചു.