തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇന്നത്തെ പ്രിൻസിപ്പൽമാരുടെ യോഗത്തിൽ ചർച്ച ചെയ്യും. ഈ യോഗത്തിൽ കൂടുതൽ മൂർത്തമായ തീരുമാനങ്ങളുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട എല്ലാ ജാഗ്രത സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുക്കും. ഇവ സ്ഥാപനമേധാവികളുടെ യോഗത്തിൽ വിശദമായി ചർച്ചചെയ്യും. കോളജ് തുറക്കുന്നതിന് മുമ്പ് കോളേജുകളിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്താനുള്ള സാധ്യതകൾ തേടുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ ആശയവിനിമയങ്ങൾ നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചിരുന്നു.
കുട്ടികൾ വീട്ടിനുള്ളിൽ ഓൺലൈൻ പഠന സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ സംശയങ്ങൾ ദൂരീകരിക്കാനും ആശയവ്യക്തത വരുത്താനും ഒട്ടേറെ പരിമിതികൾ നേരിടുന്നുണ്ട്. കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന സംഘർഷങ്ങളിൽ കുട്ടികളിൽ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇവരെ കലാലയങ്ങളിലേക്ക് തിരികെയെത്തിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
അതേസമയം, കോളേജുകളിലെത്തുന്ന വിദ്യാർത്ഥികൾ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കോവിഡ് വന്നത് മൂലം വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും ക്ലാസിൽ പങ്കെടുക്കാമെന്നാണ് അറിയിപ്പ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ക്ലാസിലെ പകുതിവീതമുള്ള കുട്ടികളെ അക്കാദമിക് സെക്ഷനുകളിൽ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സർവകലാശാല കാമ്പസുകളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കും.
കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസം സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ് സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും.