ബിവറേജസ് ഔട്ട്‌ലെറ്റ് കെഎസ്ആര്‍ടിസിയുടെ പഴയ കെട്ടിടങ്ങളില്‍ മാത്രം: കെഎസ്ആര്‍ടിസി സിഎംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റ് ആരംഭിക്കുമെന്നതില്‍ വ്യക്തത വരുത്തി കെഎസ്ആര്‍ടിസി സിഎംഡി. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല.

കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം. സിഎംഡി ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനമായത്.

ഔട്ട്ലെറ്റുകള്‍ ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത്തരം നടപടികള്‍ ആവശ്യമാണെന്നും സിഎംഡി ചര്‍ച്ചയില്‍ അറിയിച്ചു.

കോഴഞ്ചേരി ഉള്‍പ്പെടെ 16 സ്ഥലങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ട്. ഇവിടങ്ങളിലായിരിക്കും ഔട്ട്ലെറ്റുകള്‍. ബെവ്കോ അധികൃതര്‍ പരിശോധന നടത്തിയ ശേഷം അനുയോജ്യമായ സ്ഥലമെങ്കില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.


ബിവറേജ് ഔട്ട്ലെറ്റുകള്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ആരംഭിച്ചാല്‍ കോര്‍പ്പറേഷന് മാസത്തില്‍ വലിയൊരു വരുമാനം വാടക ഇനത്തില്‍ നേടാന്‍ സാധിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന സര്‍ക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ഇനിയും ഇത്തരത്തില്‍ സാമ്പത്തിക സഹായം അധിക കാലം നല്‍കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

അതേസമയം ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനല്ല കെഎസ്ആര്‍ടിസിയുടെ തീരുമാനമെന്ന് ധനമന്ത്രി കെഎന്‍. ബാലഗോപാലും വ്യക്തമാക്കി. പണമില്ലാതെ എങ്ങനെ കെഎസ്ആര്‍ടിസി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള തീരുമാനമൊന്നും എക്സൈസ് വകുപ്പ് എടുത്തില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version