തുടയില്‍ എടുക്കേണ്ട കുത്തിവയ്പ്പ് കാല്‍ മുട്ടില്‍ എടുത്തു: ഒന്നരവയസ്സുകാരന്‍ ചികിത്സയില്‍

കൊല്ലം: ഒന്നരവയസുകാരന് തുടയില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പ് കാല്‍ മുട്ടില്‍ എടുത്തതായി പരാതി. മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന് ഹംദാന് കുത്തിവയ്‌പ്പെടുത്തപ്പോഴാണ് ഗുരുതര ചികിത്സാപിഴവ് സംഭവിച്ചിരിക്കുന്നത്.

തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിരിക്കുന്നത്. കുത്തിവയ്പ്പ് എടുത്ത സ്ഥാനം മാറിയതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ മാതാപിതാക്കള്‍ മുഹമ്മദ് ഹംദാനെ തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയത്. തുടയില്‍ എടുക്കേണ്ട ഇഞ്ചക്ഷന്‍ സ്ഥാനം തെറ്റിച്ച് മുട്ടിലെടുത്തു.

അന്നുതന്നെ ഹംദാന് ചെറിയ വേദന അനുഭവപ്പെട്ടു. പിന്നാലെ നടക്കാനും ബുദ്ധിമുട്ടായി. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഹംദാന്‍. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. ഡിഎംഒ ഓഫീസില്‍ നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ പ്രാഥമികമായി അന്വേഷണം നടത്തി.

പ്രാഥമിക അന്വേഷണത്തില്‍ കുത്തിവെപ്പ് എടുത്ത നഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതരുടേത്.

Exit mobile version