കാഞ്ഞിരപ്പള്ളി: ‘ഇത്രയും കാലപ്പഴക്കമുള്ള സൈക്കിള്‍ നിങ്ങള്‍ക്കെന്തിനാണ്, തിരിച്ചുതന്നുകൂടെ’, മൂന്നരപതിറ്റാണ്ടുകാലമായി തന്റെ സന്തത സഹചാരിയായിരുന്ന സൈക്കിള്‍ മോഷ്ടിച്ചവരോടാണ് വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രന്‍പിള്ള പറയുന്നത്. മോഷ്ടിച്ചവരുടെ മനസ്സ് മാറി തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഈ അറുപത്തിനാലുകാരന്.
വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രന്‍പിള്ളയുടെ 36 വര്‍ഷമായി കൂടെയുണ്ടായിരുന്ന സൈക്കിളാണ് മോഷ്ടാവ് കവര്‍ന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30-ഓടെയാണ് സംഭവം. വിഴിക്കിത്തോട് കവലയില്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രന്‍പിള്ള, വിഴിക്കിത്തോട്- കുറുവാമൂഴി റോഡില്‍ സൈക്കിള്‍ വെച്ച ശേഷം സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു മോഷണം. തമാശയ്ക്ക് സൈക്കിള്‍ ആരെങ്കിലും മാറ്റിയതാണെന്ന് സംശയിച്ച് പറമ്പിലും സമീപത്തുമായി തപ്പിയെങ്കിലും കണ്ടില്ല.
തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും സൈക്കിള്‍ കിട്ടിയില്ല. റോഡിലൂടെ കടന്നുപോയ ആക്രിവണ്ടിയില്‍ സൈക്കിള്‍ ഇരിക്കുന്നതായി കണ്ടെന്ന് ചിലര്‍ അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ചന്ദ്രന്‍പിള്ളയുടെ സൈക്കിളിലെ യാത്ര നാട്ടുകാര്‍ക്ക് സുപരിചിതമാണ്. കടയിലേക്ക് വെള്ളം, വിറക്, വാഴക്കുല, സാധനങ്ങള്‍ എന്നിവ എത്തിക്കുന്നത് സൈക്കിളിലാണ്.
തലയില്‍ വിറകും വെച്ച് ഒരു കൈ വിറകിലും ഒരു കൈ ഹാന്‍ഡിലിലും പിടിച്ച് സൈക്കിള്‍ ചവിട്ടിവരുന്നത് നാട്ടിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. പഴയതാണെങ്കിലും കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും ഒപ്പമുണ്ടായിരുന്നതാണ് നഷ്ടപ്പെട്ട സൈക്കിളെന്ന് ചന്ദ്രന്‍പിള്ളയുടെ മകള്‍ ധന്യ പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി.
Discussion about this post